വെള്ളറട: റിസോര്‍ട്ട് നടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചശേഷം കടത്തിക്കൊണ്ടുപോയ കേസിൽ അഞ്ചംഗസംഘത്തെ വെള്ളറട പൊലിസ് പിടികൂടി.
വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള തകർക്കത്തെതുടർന്നാണു ശ്യാം സഞ്ചരിച്ച കാർ തടഞ്ഞുനിറുത്തി അടിച്ചു തകര്‍ത്ത ഇയാളെ കടത്തിക്കൊണ്ടുപോയത്. കര്‍ണാടക സ്വദേശി ജഫീര്‍ ഖാനുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലായിരുന്നു ആക്രമണം. കേസുമായി ബന്ധപ്പെട്ട് ഷാജഹാന് (46), ജഫീര്‍ ഖാന് (40 ), നൂറുള്ള (40), ഷെബീര്‍ (42), നൂറുദ്ദീന്‍ (45) എന്നിവരാണ് പൊലിസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം കൂട്ടപ്പൂവിനു സമീപം നടന്ന ആക്രമണത്തിൽ ശ്യാമിന്റെ കത്തി പ്രയോഗത്തില്‍ നൂറുദ്ദീന്റെ (45) കണ്ണിന്റെ ഭാഗത്തു പരിക്കേറ്റിരുന്നു. പരിക്കു ഗുരുതരമായതിനാല്‍ നൂറുദ്ദീന്‍ പൊലിസിന്റെ നിരീക്ഷണത്തിൽ തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.
ശ്യാമിനെ കടത്തിക്കൊണ്ടുപോയ കർണാടക സ്വദേശികള്‍ ദിശ മാറിയോടിയതാണ് പൊലിസിനു തുണയായത്. കൂട്ടപ്പൂവില്നിന്ന് വലതുഭാഗത്തേക്കു പോയാല്‍ ആറുകാണി വഴി നാഗര്‍കോവിലിൽ പ്രവേശിക്കാമായിരുന്നു.
എന്നാല്‍ സ്ഥലപരിചയമില്ലാതിരുന്ന സംഘം ഇടതു വശത്തേക്കു തിരിഞ്ഞ് ചെമ്പൂര് ഭാഗത്തേക്കു പോവുകയായിരുന്നു. ആര്യങ്കോട് പൊലിസിന്റെ സഹായത്തോടെ വെള്ളറട പൊലിസും സംഘത്തെ പിന്തുടർന്നു സംഭവദിവസംതന്നെ രണ്ടുപേരെ പിടികൂടിയിരുന്നു. അവിടെനിന്നും ഓടിരക്ഷപ്പെട്ട പ്രതികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, എസ്ഐ മനോജ്, അഡീഷണല്‍ എസ്ഐ അനില്‍, എഎസ്ഐ അശ്വതി, സിവില്‍ പൊലിസുകാരായ അഖിലേഷ്, അനീഷ്, ദീപു അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് മെഡിക്കല്‍ പരിശോധനകള്‍ക്കുശേഷം പ്രതികളെ കോടതിക്കു കൈമാറി. പിടികൂടിയ പ്രതികളുടെ പേരിൽ കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
അക്രമികള്‍ സഞ്ചരിച്ചിരുന്ന ഓഡി കാറും ആര്യനാട് ശ്യാമിന്റെ ഥാര്‍ ജീപ്പും പൊലിസ് കസ്റ്റഡിയിലെടുത്തു.